Kerala
മലപ്പുറം: അഴിമതിയുടെ നിര്മിതികളാണ് ദേശീയപാതയുടെ ഭാഗമായി നിര്മിക്കുന്നതെന്നും ഇക്കാര്യത്തില് കേന്ദ്ര- സംസ്ഥാന സര്ക്കാരുകള്ക്ക് ഉത്തരവാദിത്തമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊല്ലം കൊട്ടിയത്ത് നിര്മാണത്തിലിരിക്കുന്ന ദേശീയപാത 66 ഇടിഞ്ഞുതാഴ്ന്ന സംഭവത്തില് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാലാരിവട്ടം പാലം ഇതുപോലെ തകര്ന്നൊന്നും വീണിട്ടില്ലെന്നും തകര്ന്നു വീഴാത്ത പാലാരിവട്ടം പാലം പഞ്ചവടിപ്പാലമെന്ന് പറഞ്ഞ് ഇല്ലാത്ത വിജിലന്സ് കേസുണ്ടാക്കിയവരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാലാരിവട്ടം പാലത്തിന്റെ പേരില് ആരോപണം ഉന്നയിച്ചവര് ഭരിക്കുമ്പോഴാണ് കേരളം മുഴുവന് ദേശീയപാതയും പാലങ്ങളും തകര്ന്ന് വീഴുന്നത്. നൂറ്റി അന്പതോളം സ്ഥലത്ത് ദേശീയപാത നിര്മാണത്തില് പാളിച്ചകളുണ്ടായിട്ടും സംസ്ഥാന സര്ക്കാരിന് കേന്ദ്ര സര്ക്കാരിനോടോ ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയോടോ ഒരു പരാതിയുമില്ല.
റീല്സ് എടുക്കാനും ക്രെഡിറ്റ് എടുക്കാനും നടന്നവര്ക്ക് ഒരു ഉത്തരവാദിത്വവും ഇല്ലെന്നതാണോ നിലപാട്. അപകടങ്ങളില് മനുഷ്യന്റെ ജീവനാണ് നഷ്ടപ്പെടുന്നത്. ഇന്നലെ 36 കുട്ടികളുടെ ജീവന് ദൈവത്തിന്റെ കൃപകൊണ്ടാണ് രക്ഷപ്പെട്ടത്. അതുവഴി സഞ്ചരിക്കുന്ന എല്ലാവരുടെയും ജീവന് അപകടത്തിലാണ്.
സംസ്ഥാനത്ത് നിര്മാണത്തില് ഇരിക്കുന്ന ദേശീയ പാത വ്യാപകമായി തകര്ന്ന് വീഴുമ്പോഴും സംസ്ഥാന സര്ക്കാരിന് കേന്ദ്ര സര്ക്കാരിനോടോ ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയോടോ ഒരു പരാതിയുമില്ല.
പല വിഷയങ്ങളിലും കേന്ദ്ര- സംസ്ഥാന സര്ക്കാരുകള് ഒത്തുചേര്ന്നിരിക്കുകയാണ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി, ബിജെപിയുമായി പിണറായി വിജയനുള്ള ബന്ധത്തിന്റെ പാലമാണ്. ഇപ്പോള് പുതുതായി ഉണ്ടായ ജോണ് ബ്രിട്ടാസ് പാലത്തിനും മുന്പെ പിണറായി വിജയന് ഉണ്ടാക്കി വച്ച പാലമാണ് നിതിന് ഗഡ്ക്കരിയെന്ന മന്ത്രിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Kerala
തിരുവനന്തപുരം: ശബരിമലയിൽ ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാരും ദേവസ്വവും മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
സ്വർണം ഇവിടുന്ന് തന്നെ അടിച്ചു മാറ്റി. പിന്നീട് ചെന്നൈയിൽ എത്തിച്ചു എന്ന് കരുതേണ്ടി വരും. 2019 ല് സ്വര്ണം നഷ്ടപ്പെട്ടു എന്ന് തെളിഞ്ഞതാണ്. ദേവസ്വത്തിന്റെ കൈയില് അതിന്റെ രേഖയുണ്ട്.
എന്നാല് പുറത്തുപറയാതെ മൂടിവയ്ക്കുകയാണ് ചെയ്തത്. മൂടിവച്ചതിന്റെ അർഥം ഷെയര് കിട്ടിയിട്ടുണ്ട് എന്നാണ്. ഇടനിലക്കാരനായാണ് ഉണ്ണികൃഷ്ണന് പോറ്റിയെ വച്ചിരിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ആദ്യം കൊണ്ട് പോയ സ്പോൺസർ കള്ളത്തരം കാണിച്ചു എന്ന് ദേവസ്വത്തിന് അറിയാം. വീണ്ടും അയാളെ തന്നെ വിളിച്ചു വരുത്തി. അയാൾ കളവ് നടത്തിയിട്ടുണ്ട് എന്ന് മനസിലായെങ്കില് പിന്നെന്തിന് വീണ്ടും വിളിച്ചു എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും അടിയന്തിരമായി രാജി വയ്ക്കണം. വിഷയം സിബിഐ അന്വേഷിക്കണം. വിഷയത്തില് മുഖ്യമന്ത്രി മിണ്ടുന്നില്ല. അന്വേഷണമില്ലെങ്കില് യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകും എന്നും വി.ഡി. സതീശന് പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഎമ്മിന്റേത് പ്രീണന നയമാണെന്നും സർക്കാരിന്റെ കപട ഭക്തിയിൽ വിശ്വാസമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കേരളത്തിലെ യുഡിഎഫിന്റേത് ഉറച്ച മതേതര നിലപാടാണ്. യുഡിഎഫ് ഭൂരിപക്ഷ വർഗീയതയ്ക്കും ന്യൂനപക്ഷ വർഗീയതയ്ക്കും ഒരുപോലെ എതിരാണ്. സിപിഎം മുൻപ് ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിച്ചു. ഇപ്പോൾ ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു.
എൻഎസ്എസ്, എസ്എൻഡിപി നിലപാടിൽ കോണ്ഗ്രസിന് ആശങ്കയില്ലെന്നും സതീശൻ വ്യക്തമാക്കി. യോഗിയും പിണറായിയും നല്ല കൂട്ടുകാരായെന്നും സതീശൻ പരിഹസിച്ചു.
ഗോഡ്സെയുടെ പിന്തുടർച്ചക്കാരാണ് രാഹുൽ ഗാന്ധിയുടെ ശരീരത്ത് വെടിയുണ്ട കയറും എന്ന് പറയുന്നത്. രാഹുലിന്റെ ദേഹത്തൊരു മണ്ണ് വാരി ഇടാൻ കഴിയില്ല. അതിന് ജനാധിപത്യ വിശ്വാസികൾ സമ്മതിക്കില്ല.
രാഹുലിനെ ഒരു വാക്കുകൊണ്ടും ഭയപ്പെടുത്താൻ കഴിയില്ല. കേരളത്തിലെ പോലീസ് പരാമർശത്തിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. ബിജെപിയുമായി പിണറായി സർക്കാർ സന്ധി ചെയ്തിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.